Friday, October 22, 2010

നീയും ഞാനും


കൂട്ട്.....
അവിചാരിതം തുറന്ന കണ്‍കിളിവാതിലില്‍
പരിചിതമാമൊന്നിനെ കണ്ടമ്പരക്കുന്നത്

നിശ്വാസം നിറഞ്ഞുവീര്‍ത്ത നൊമ്പരകൂടില്‍
കളിവാക്കിന്‍ മുനകുത്തി പഴുതിട്ട് നോവുന്നത്

ഇഷ്ടം....
നടവഴിയില്‍ വീണ കൊലുസ്സീണങ്ങള്‍ പെറുക്കി
നെഞ്ചിടിപ്പോടെ മനസ്സില്‍ തിരുകുന്നത്

മൗനം പേറിയെത്തുന്ന കനത്ത തപാല്‍കുറി
തൊടാതെ തുറക്കാതെ വായിക്കാനാവുന്നത്

പ്രണയം....
വരച്ച ചന്ദനക്കുറിയുടെ തണുത്ത രേഖയില്‍
‍നെറ്റികള്‍ പരസ്പരം തൊട്ടു പിരിയുന്നത്

പിണക്കത്തിന്‍ വെയിലില്‍ പുറമേ ചിരിച്ച്
ഇണക്കത്തിന്‍ മഴയില്‍ അകമേ കരയുന്നത്

സ്വന്തം.....
ആത്മാവില്‍തുറക്കുന്ന ഗോവണിപ്പടിവാതില്‍
‍ഉള്ളിലെത്തി താഴിട്ട് പൂട്ടിവെക്കുന്നത്

മരണംപോല്‍ തണുക്കുന്ന സ്നേഹത്തിന്‍ പുലര്‍ച്ചയില്‍
‍പരസ്പരം ദേഹങ്ങള്‍ തീകാഞ്ഞിരിക്കുന്നത്.

No comments:

Post a Comment